അമ്പലപ്പുഴ: പുന്നപ്ര മില്‍മ ഡയറിയില്‍ പാലുമായെത്തിയ ടാങ്കര്‍ലോറി കഴുകുന്നതിനിടെ താഴെവീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതരപരിക്ക്. തമിഴ്നാട് അറിയാവൂർ,പാലൂര് സൗത്ത് സ്ട്രീറ്റില്‍ 6/136 -എ യില്‍ സതീഷ് കുമാർ(40)നാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയനടത്തിയെങ്കിലും ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടിട്ടില്ല.
ഞായറാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. മില്‍മയിലേക്ക് കര്‍ണാടക ഇടിയുരില് നിന്നു പാലുമായെത്തിയതായിരുന്നു. പാല് കാലിയാക്കിയശേഷം ടാങ്കര്‍ കഴുകുന്നതിനിടെ കാല്‍വഴുതി വാഷിംഗ് റാമ്പിൽ തലയടിച്ച് വീഴുകയായിരുന്നു. ടാങ്കര്‍ വൃത്തിയാക്കുന്നതിനായി മറ്റ് ഡയറികളില്‍ ഉള്ളതുപോലെയുള്ള സുരക്ഷാസംവിധാനങ്ങള്‍ പുന്നപ്രയില്‍ ഇല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി ഫാള്‍ പ്രൊട്ടക്ഷന്‍ സംവിധാനം, സുരക്ഷാകവചം, തൊഴിലാളികള്‍ക്ക് സുരക്ഷിതമായി നടന്നുനീങ്ങാനുള്ള സംവിധാനങ്ങൾ, സുരകക്ഷാകൈവരികള്, ആങ്കറേജ് പോയിന്റ് എന്നിവയില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
മറ്റ് ഡയറി സ്ഥാപനങ്ങളിൽ നടപ്പാക്കിയിട്ടുള്ള സുരക്ഷിതവും ആധുനികവുമായ ടാങ്കർ വാഷിംഗ് സംവിധാനം പുന്നപ്ര ഡയറിയിലും നടപ്പാക്കാൻ നടപടി സ്വീകരിക്കണം. വാഷിംഗ് റാമ്പിൽ മതിയായ ലൈറ്റിംഗ്, അടിയന്തര രക്ഷാസംവിധാനം എന്നിവ ഉറപ്പാക്കണം. അപകടത്തിന് കാരണമായ സുരക്ഷാ പോരായ്മകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കണം. പരിക്കേറ്റ തൊഴിലാളിക്ക് ആവശ്യമായ മികച്ച ചികിത്സയും നിയമപരമായി അർഹമായ സഹായങ്ങളും ഉറപ്പാക്കണം. പുന്നപ്ര ഡയറിയിലെ ടാങ്കർ വാഷിംഗ് സംവിധാനം പൂർണമായും സുരക്ഷിതവും ആധുനികവുമായ രീതിയിലേക്ക് മാറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.